Saturday, April 14, 2007

യാത്രകള്‍

വല്ലാതെ തണുക്കുന്നു.
ധരിച്ചിരിക്കുന്ന കമ്പിളി വസ്ത്രങ്ങള്‍ക്ക്‌ തണുപ്പിനെ പ്രതിരോധിക്കാന്‍ ആകുന്നില്ല.

അവന്‍ ഉറങ്ങി എന്നു തോന്നുന്നു.
എന്റെ തണുപ്പകറ്റാന്‍ അവന്‍ പകര്‍ന്ന ചൂടിനുപോലും കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ചിരിവന്നു.
ജീവിതം തന്നെ തണുത്ത്‌ പോയതുകൊണ്ടായിരിക്കാം ചിലപ്പോള്‍.
നിന്റെ കൈകള്‍ക്ക്‌ നല്ല തണുപ്പ്‌ എന്നു ആദ്യം പറഞ്ഞത്‌ ആരാണു.
ഓര്‍ക്കുന്നു,ഹോസ്റ്റലിലെ റൂം മേറ്റ്‌ ആനി.
നീ ഒരു ഐസ്ബര്‍ഗിനെ ഓര്‍മിപ്പിക്കുന്നു എന്നു പറഞ്ഞ്‌ അവള്‍ ഉറക്കെ ചിരിച്ചു.

മൂന്നാര്‍.
ഇന്ന് രാവിലെയാണു ഈ മല കയറി വന്നത്‌.
വൈകീട്ട്‌ തിരിച്ചിറങ്ങാം എന്ന് പ്ലാന്‍ ചെയ്തിരുന്നു.
പക്ഷേ പോയില്ല.
നാളെ തിരിച്ച്‌ പോയാല്‍ പോരേ എന്ന് അവന്‍ തന്നെയാണു ചോദിച്ചത്‌.
ഞാന്‍ ഉള്ളില്‍ ചിരിച്ചു.
അങ്ങനെ അവന്‍ ചോദിക്കുമെന്ന് നേരത്തെ തന്നെ ഞാന്‍ ഊഹിച്ചിരുന്നല്ലോ.
ഇതിനുമുന്‍പ്‌ രണ്ട്‌ പ്രാവശ്യം വന്നിട്ടുണ്ട്‌ ഈ മലമുകളില്‍.
ആദ്യം വന്നത്‌ സ്കൂളില്‍ നിന്ന്.
കര്‍ത്താവിന്റെ മണവാട്ടിമാരുടെ ഒപ്പം.
അവര്‍ കാണിച്ചു തന്ന കാഴ്ചകള്‍ കണ്ട്‌,സ്വന്തമായി ഒന്നും തേടിപ്പിടിച്ച്‌ കാണാന്‍ അനുവാദമില്ലാതെ,കൂട്ടിലിട്ട പക്ഷികളെ പോലെ കുറച്ച്‌ യൂണിഫോം കുരുന്നുകള്‍.
രണ്ടാമത്‌ വന്നത്‌,ഒരു ആഘോഷം തന്നെ ആയിരുന്നു.
കൈകള്‍ കോര്‍ത്ത്‌,ഹൃദയം പങ്കുവച്ച്‌ ഞങ്ങള്‍ ഈ തണുപ്പിലൂടെ ഒഴുകി നടന്നു.
മരണം വരെ ഇങ്ങനെ നടക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് വെറുതേ കൊതിച്ചു.
എന്നിലെ ഐസ്‌ ബര്‍ഗ്ഗ്‌ ഉരുകി തുടങ്ങുകയായിരുന്നു.

പക്ഷേ,
ദൈവത്തിനു വരെ നിന്നോട്‌ അസൂയ തോന്നിക്കാണും എന്നാണു പ്രീതി എഴുതിയത്‌.
ദൈവമല്ല്ലാ കുറ്റക്കാരന്‍ എന്ന് എനിക്ക്‌ തീര്‍ച്ചയായിരുന്നു.
എന്നില്‍ നിന്ന് താല്‍ക്കാലികമായി അകന്നെങ്കിലും,അവന്‍ എന്റടുത്തേക്ക്‌ തന്നെ തിരിച്ച്‌ വരും എന്ന് എന്റെ ഉള്ളില്‍ ഇരുന്ന് ആരോ പറയുന്നുണ്ടായിരുന്നു.
തര്‍ക്കങ്ങളും വാദങ്ങളും ഇഴകീറി പരിശോധിച്ച്‌,ന്യായങ്ങള്‍ ചികഞ്ഞിട്ട്‌,ഞാന്‍ ജയിച്ചപ്പോള്‍,തോറ്റതും ഞാന്‍ തന്നെ ആയിരുന്നു.

അവന്‍ ഉണര്‍ന്നോ,ഇല്ല ഉണര്‍ന്നിട്ടില്ല.
ആലസ്യത്തിലാണു.ഉറങ്ങട്ടെ.

ഒരാളെ ജയിക്കാന്‍ മറ്റൊരാളെ കൂട്ടുപിടിക്കാന്‍ തോന്നിയത്‌ എപ്പോഴാണു.
ഒരിക്കലും ശാശ്വതം ആകില്ലാ എന്ന് അറിഞ്ഞ്‌ കൊണ്ട്‌ തന്നെ ഈ ബന്ധം തുടങ്ങാന്‍ മുന്‍ കൈ എടുത്തത്‌,അവന്‍ ഉണര്‍ന്നെഴുന്നേറ്റ്‌,എന്താ ഉറക്കം വരുന്നില്ലേ എന്ന് ചോദിച്ചു കൊണ്ട്‌ ചേര്‍ത്ത്‌ പിടിച്ചാലും ഒരു വികാരവും തോന്നാതെ വെറുതേ ചേര്‍ന്ന് നില്‍ക്കാന്‍ മാത്രമേ എനിക്കാവൂ എന്ന് അറിഞ്ഞുകൊണ്ട്‌ തന്നെ ഈ വഴി തിരഞ്ഞെടുത്തത്‌ എന്തിനാണു.
നൈമിഷിക സുഖത്തിനോ,അത്‌ മാത്രമായിരുന്നോ എന്റെ ലക്ഷ്യം.
എവിടെയാണു എനിക്ക്‌ തെറ്റുപറ്റിയത്‌.

24 comments:

പ്രിയങ്ക മാത്യൂസ് said...

ഈ കുറിപ്പുകളെ എന്ത്‌ വിളിക്കണം എന്ന് എനിക്കറിയില്ല.കഥയെന്നോ ഓര്‍മ്മക്കുറിപ്പുകള്‍ എന്നൂ,
ഒരു കാര്യം മാത്രം എനിക്കറിയാം,ഇത്‌ എന്റെ ഹൃദയത്തില്‍ നിന്നുള്ള കുറിപ്പുകള്‍ ആണു.

ശാലിനി said...

നൈമിഷിക സുഖത്തിനാവില്ല, മനസിന്റെ ഒളിച്ചോട്ടത്തിനുവേണ്ടിയാവണം. എന്നിട്ടും ഒന്നില്‍ നിന്നും ഒളിച്ചോടാന്‍ പറ്റുന്നില്ല എന്നറിയുമ്പോഴാണ് വേദന കൂടുന്നത്.

നന്നായി എഴുതുന്നുണ്ട്. ഇനിയും എഴുതൂ.

Unknown said...

പ്രിയങ്കച്ചേച്ചീ,
കഥയായാലും കാര്യമായാലും നല്ല എഴുത്ത്.

അറിഞ്ഞുകൊണ്ട്‌ തന്നെ ഈ വഴി തിരഞ്ഞെടുത്തത്‌ എന്തിനാണു.
നൈമിഷിക സുഖത്തിനോ,അത്‌ മാത്രമായിരുന്നോ എന്റെ ലക്ഷ്യം.
എവിടെയാണു എനിക്ക്‌ തെറ്റുപറ്റിയത്‌.


വളാരെ ബോള്‍ഡായ എഴുത്ത്. അധികം കണ്ടിട്ടില്ലാത്ത തരം. തുടര്‍ന്നെഴുതൂ..

മനോജ് കുമാർ വട്ടക്കാട്ട് said...

അറിഞ്ഞു കൊണ്ട്‌ ചെയ്യുന്ന തെറ്റുകളില്‍ പോലും അവരവരുടെതായ ശരികളുണ്ട്‌.

(ശരിയല്ലേ?)

സാജന്‍| SAJAN said...

:)

Ziya said...

ആദ്യകുറിപ്പ് ഒരു പ്രഹേളിക പോലെ...
ഗദ്‌ഗദം കുരുങ്ങി പുറത്തുവരാന്‍ വിസമ്മതിക്കുന്ന ഒരു തേങ്ങലിന്റെ അലയൊലി പോലെ...
ചിതറുന്ന വിതുമ്പല്‍ പോലെ വാക്കുകള്‍...
വായിച്ചു തുടങ്ങിയിരിക്കുന്നു.
ആര്‍ജ്ജവമുള്ള കുറിപ്പുകള്‍ വീണ്ടും കാണുമെന്ന പ്രതീക്ഷയോടെ...

Kumar Neelakandan © (Kumar NM) said...

ഒരുകാര്യം മാത്രം എനിക്കും അറിയാം. ഇതു ഹൃദയത്തില്‍ നിന്നും വന്ന ആത്മഗദങ്ങള്‍ ആണ്. അതുകൊണ്ടാണ് ഇതിനെ എന്തു വിളിക്കണം എന്നറിയാത്ത അവസ്ഥ. ഇതു കഥയും കുറിപ്പും ഒന്നുമല്ല, ജീവിതമാണ്. യാത്രകള്‍ നിറഞ്ഞ ജീവിതം. മറ്റൊരു കാഴ്ചപ്പാടില്‍ ജീവിതയാത്ര.

റീനി said...

പ്രിയങ്കാ, ഓര്‍മ്മകള്‍ വീണ്ടും കുറിപ്പുകളായി ഒഴുകട്ടെ.

വേണു venu said...

ഹോമകുണ്ഠത്തിലര്‍പ്പിച്ച പുജാദ്ര്വ്യങ്ങള്‍‍ കത്തിയ പുകയുടെ മണം.
വരികളിലെ ഗദ്‍ഗദം തെളിഞ്ഞ വെള്ളത്തിലെ നിഴല്‍ പോലെ.നന്നായെഴുതുന്നു.:)

Kaithamullu said...

നിന്റെ കൈകള്‍ക്ക്‌ നല്ല തണുപ്പ്‌ എന്നു ആദ്യം പറഞ്ഞത്‌ ആരാണു.....

ആരായാലും പാം പറ പ്രിയങ്കേ!
-ഹൃദയത്തിന്റെ ചൂടറിയാന്‍ കഴിയാത്ത പാവങ്ങള്‍!

പ്രിയങ്ക മാത്യൂസ് said...

ശാലിനി,
ഇനിയും എഴുതാം.പ്രോത്സാഹനത്തിനു നന്ദി.
ദില്‍ബാസുരന്‍,
നന്ദി.അപ്പോള്‍ അനിയന്‍ ആണു അല്ലേ.
പടിപ്പുര,
ശരിയായിരിക്കാം.ഓരൊരുത്തര്‍ക്കു ഓരോ ശരികള്‍.
സാജന്‍,
വന്നതിനു നന്ദി
സിയ,
ഇനിയും കാണാന്‍ പറ്റും എന്നു തന്നെ ഞാനും കരുതുന്നു.വന്നതിനു നന്ദി.
കുമാര്‍,
നന്ദി,സത്യമാണത്‌.എന്ത്‌ പേരിട്ട്‌ വിളിക്കണം എന്നു പലപ്പോഴും അറിയാതെ പോകുന്നു അനുഭവങ്ങളെ.
റിനി,
ഇനിയും എഴുതാം.പ്രോത്സാഹനത്തിനു നന്ദി.
വേണു,
വന്നതിനും വായിച്ചതിനും വളരെ നന്ദി.
കൈതമുള്ള്‌,
ശരിയാണു.പക്ഷേ ഹൃദയവും ചിലപ്പോഴൊക്കെ വല്ലാതെ തണുത്ത്‌ പോകും.അത്‌ ശരീരത്തിലും പടര്‍ന്നതായിരിക്കാം.

Visala Manaskan said...

നന്നായിട്ടുണ്ട്. ഇനിയും എഴുതുക.

കുറുമാന്‍ said...

പ്രിയങ്കാ, അതിമനോഹരം ഈ എഴുത്ത്. തുടര്‍ന്നും എഴുതൂ. നല്ലൊരു വായനക്കായി കാത്തിരിക്കുന്നു.

Kiranz..!! said...

നന്നായിരിക്കുന്നു ഈ പോസ്റ്റ്..!

ഓഫ് ടോ :-

അഹാ..ആഹഹാ..“എന്റെ കഥക്കു” ശേഷം ഇങ്ങനെന്തേലും വായിക്കുന്നതിവിടാ :)

മൂര്‍ത്തി said...

കൊള്ളാം..
നന്നായിരിക്കുന്നു..ആശംസകള്‍
qw_er_ty

ഇടിവാള്‍ said...
This comment has been removed by the author.
ഇടിവാള്‍ said...

ഓരോ തെറ്റിനും നിരത്താന്‍, നൂറായിരം ന്യായീകരണങ്ങള്‍ കാണും നമ്മളോരോരുത്തര്‍ക്കും.... :)

എഴുത്തു തുടരൂ..

തറവാടി said...

:)

പ്രിയങ്ക മാത്യൂസ് said...

വിശാലേട്ടാ,
ഒത്തിരി നന്ദിയുണ്ട് വന്നതിന്‍. സന്തോഷം
കുറുമാന്‍,
എനിക്കു തരുന്ന പ്രോത്സാ‍ഹനത്തിനു നന്ദി. എഴുതാം.
കിരണ്‍‌സ്,
അതിത്തിരി വല്യൊരു കോമ്പ്ലിമെന്റാണല്ലോ. ഇതെന്റെയും കഥയാ :)
മൂര്‍ത്തി,
ആശംസക്ക് നന്ദി. വന്നതില്‍ സന്തോഷം.
ഇടിവാള്‍,
തെറ്റുകള്‍ക്ക് ന്യായീകരണം കണ്ടെത്താനോ തെറ്റിലേക്ക് വലിച്ചിഴച്ചവരെ ക്രൂശിക്കാനോ അല്ല എന്റെ ശ്രമം. പെണ്ണായിപ്പിറന്നവര്‍ക്ക് മുഴുവന്‍ സാന്ത്വനവും കരുതലുമാകുമെങ്കില്‍ ഇത് സാര്‍‌ത്ഥകമായി.
തറവാടി,
നന്ദി. :)

ഏറനാടന്‍ said...

വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
ഒടുവിലീ മോഹങ്ങളൊക്കെ പൊട്ടിത്തകരുമ്പോള്‍ ജീവിതത്തിനെന്ത്‌ അര്‍ത്ഥം?
നല്ല കഥ, ശൈലിയും ഹൃദ്യമായി.

പ്രിയങ്ക മാത്യൂസ് said...

ശരിയാണ് ഏറനാടാ.
ഒത്തിരി മോഹിച്ചു, വെറുതേ വെറും വെറുതെ.
അര്‍ത്ഥവും അനര്‍ത്ഥവും എല്ലാം ഇഴചേര്‍ന്ന ജീവിതപ്പാത.
നന്ദിയുണ്ട് അഭിപ്രായത്തിന്‍.

പതാലി said...

കനംകൂടിയ വാക്കുകള്‍ ശേഖരത്തില്‍ ഇല്ലാത്തതുകൊണ്ട് ലളിതമായി പറയാം.

നന്നായിട്ടുണ്ട്. എഴുത്ത് സജീവമായി തുടരുക.

ചിദംബരി said...

പ്രിയങ്കാ,
അടുപ്പില്‍ മാത്രമല്ല നെഞ്ചിലും ചില കനലുകള്‍ ഊതിക്കത്തിക്കണം ഈ കാലത്ത്..

ജിസോ ജോസ്‌ said...

നല്ല എഴുത്ത്... ആദ്യ പോസ്റ്റിന്റെ ആശംസകള്‍...
ഈനിയും എഴുതുക....