Tuesday, May 1, 2007

മഴകഴിയുമ്പോള്‍

മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന നടുമുറ്റത്തേക്ക് അവള്‍ കാലുകള്‍ ഇറക്കിവച്ചു. ആദ്യത്തെ തുള്ളി കാലില്‍ തട്ടിയപ്പോള്‍ കുളിരുവീണത് അവളുടെ മനസിലാണ്. സ്വയം പറഞ്ഞു, എല്ലാം പെയ്തൊഴിയട്ടെ, തണുക്കട്ടെ!
അവള്‍ കാലിലേക്ക് നോക്കി നഖങ്ങളിലെ ചോക്കളെറ്റ് നിറത്തിലുള്ള നെയില്‍ പോളീഷ് മങ്ങിയിരിക്കുന്നു. പുതിയ നിറം കൊടുക്കണം, ജീവിതത്തിനു മുഴുവന്‍.
തനിക്കിപ്പോള്‍ വേണ്ടത് ഒരു ആശ്രയം ആണ്. ഇനി ഒരു ചതിക്കുഴിയെ സ്വപ്നം കാണാന്‍ വയ്യ. അവളോര്‍ത്തു ഈ മഴ കഴിയുമ്പോള്‍ അവനെത്തിയെങ്കില്‍. അപരിചിതമായ ഈ മുഖം നോക്കി അവന്‍ ചിരിച്ചെങ്കില്‍. തെറ്റിദ്ധാരണകളുടെ ജാലകതിരശ്ശീല നീക്കി "പ്രിയാ.." എന്നു ആര്‍ദ്രമായി വിളിച്ചെങ്കില്‍. ഒരു ആണിന്റെ അവകാശത്തോടെ അവന്‍ എന്നെ ചേര്‍ത്തുപിടിച്ചെങ്കില്‍.

കാല്‍ വിരലില്‍ ഇരുണ്ട ബ്രൌണ്‍ നിറത്തിലെ നെയില്‍ പോളീഷ് ഇടുമ്പോള്‍ അവള്‍ അറിയാതെ അവളുടെ കണ്ണുകള്‍ ജാലകത്തിലേക്ക് പോയി. കുറച്ചുനേരം അവിടെ നോക്കിയിരുന്നു. നെയില്‍ പോളീഷിന്റെ രൂക്ഷഗന്ധം അവളെ ഉണര്‍ത്തി.

ഇളം നീല നിറത്തില്‍ ചെറിയ വരകളുള്ള താളില്‍ അവള്‍ എഴുതി.
"ഞാന്‍ വരുകയാണ്, നിന്റെ ചുമലുകള്‍ തേടി. നിന്റെ ചൂരുതേടി. എനിക്കൊന്നുംവേണ്ട, വെറുതെ നിന്നെ ചാരി ഇരുന്നാല്‍ മതി. നീ വലിച്ചൂതുന്ന സിഗരറ്റിന്റെ മണം പിടിച്ച് നിന്റെ ചുമലും ചാരി ഇരിക്കണം. നിന്റെ ജീവിതത്തില്‍ നിന്നും ഒന്നും എനിക്ക് പിടിച്ചെടുക്കണ്ട. നീ തരുന്നവാക്കുകള്‍ തന്നെ എനിക്കു ധാരാളമാണ്. എന്നെ ഒന്നു തൊടുമോ?..."
പിന്നെ അവള്‍ക്കൊന്നും എഴുതാനായില്ല.
അവള്‍ സ്വയം ചോദിച്ചു, ഞാന്‍ ഇവിടെ വഴി തിരിയുകയാണോ?
ഒരു ആണില്ലാതെ പെണ്ണിനു ജീവിക്കാനാവില്ല എന്നാണോ?
പ്രണയം ഒരു അനിവാര്യതയാണോ?
എന്തേ എനിക്കു മാത്രമിങ്ങനെ?
അവള്‍ പിന്നെയും ഓരോന്നു ചിന്തിച്ചുകൂട്ടി. ചിന്തകളില്‍ അവളുടെ കണ്ണുകള്‍ മങ്ങി. കാഴ്ച മരവിച്ചു. ആ മരവിപ്പിന്റെ ഉള്ളിലൂടെ അങ്ങു ദൂരെ പാടം മുറിച്ചു കടന്നു വരുന്ന അവനെ അവള്‍ കണ്ടു.