ഗ്ലാഡിസാണ് പറഞ്ഞത്, നിനക്ക് ഒരു കോള്‍ ഉണ്ടായിരുന്നു എന്ന്. എനിക്ക് കോള്‍, അതും ഓഫീസ് നമ്പറില്‍, എന്നെ അറിയുന്ന ആളാണെങ്കില്‍ മൊബൈല്‍ നമ്പറില്‍ വിളിക്കാത്തതെന്ത്? ഞാന്‍ അറിയാത്ത ആള്‍ ആണെങ്കില്‍ ഓഫീസ് നമ്പര്‍ എങ്ങനെ കണ്ടുപിടിച്ചു. ഒഫീഷ്യല്‍ അല്ല, പേഴ്സണല്‍ കോള്‍ ആയിരുന്നത്രേ! ആരാണാവോ.
ഇന്ന് തീര്‍ക്കേണ്ട സ്കെച്ചുകളുടെ ഫൈനല്‍ ചെക്കിങ്ങില്‍ ആയിരുന്നു ഞാന്‍. അപ്പോഴാണു ഗ്ലാഡിസ് പിന്നേയും വന്നത്.ആരോ റിസപ്ഷനില്‍ എന്നെ കാത്തിരിക്കുന്നത്രേ. എനിക്ക് ജിജ്ഞാസയേക്കാള്‍ പരിഭ്രമമാണ് തോന്നിയത്. എന്താണെന്നറിയില്ല, വെറുതേ ഒരു പരിഭ്രമം. പെട്ടെന്ന് ഞാന്‍ വിയര്‍ത്തു.
പത്ത് മിനുട്ട് കഴിഞ്ഞാണു ഞാന്‍ റിസപ്ഷനിലേക്ക് ചെന്നത്. അവിടെ ആരുമില്ല. ഗ്ലാഡിസ് ആരോടോ ഫോണില്‍ സംസാരിക്കുന്നു. എവിടെ എന്ന് ഞാന്‍ ആംഗ്യത്തില്‍ ചോദിച്ചു. അവള്‍ പുറത്തേക്ക് കൈചൂണ്ടി. അതിനു ശേഷം ഒരു
കൈകൊണ്ട് മൗത് പീസ് അടച്ചുപിടിച്ച് അവള്‍ പറഞ്ഞു,
'ഇത്ര നേരം ഇവിടെ ഇരുന്നു'
ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി.
'പ്രിയാ, താന്‍ വല്ലാതെ ക്ഷീണിച്ചല്ലോ'
നിഖിലിനെ കണ്ട ഷോക്കില്‍ തരിച്ച് നിന്നു പോയ എന്നെ അവന്റെ കനമുള്ള ശബ്ദം തിരിച്ച് ഭൂമിയിലേക്ക് കൊണ്ട് വന്നു. ദൈവമേ.. ഇവന്‍ എന്തിനിവിടെ വന്നു? വീണ്ടും എന്നെ പരീക്ഷിക്കാനോ.
'ഉം, എന്താണിനിയും നിഖിലിന് വേണ്ടത്?'
ഒരു ഭാവവ്യത്യാസവും ഇല്ല അവന്റെ മുഖത്ത്. ഒരു വിജയീഭാവം,എപ്പോഴുമുള്ളത് പോലെ. ഒരു കാലത്ത് അത് തന്നെയല്ലേ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. ആദ്യ പ്രണയം, ഈ ഭാവം തന്നെ അതിനു കാരണം.
'വെറുതേ. നീ ഇവിടെ വര്‍ക്ക് ചെയ്യുന്നു എന്ന് വിജി പറഞ്ഞു. മൊബെയില്‍ നമ്പര്‍ തരാന്‍ അവള്‍ തയ്യാറായില്ല, അറിയില്ല എന്നാണ് പറഞ്ഞത്.'
യൂണിഫോമില്‍ നിന്ന് നിറങ്ങളുടെ ലോകത്തേക്ക് വന്നതിനു ശേഷമുള്ള ആദ്യ അഴ്ച തന്നെ നിഖിലിനെ കണ്ടിരുന്നു.കലാലയത്തിലെ പുതിയ കൂട്ടുകാര്‍ക്ക് സ്വീകരണം എന്ന ഒരു ബാനറും തൂക്കി അവരുടെ ഒരു പ്രകടനം, എല്ലാ ക്ലാസിലും കയറിയിറങ്ങി. പിന്നേയും കണ്ടു പലപ്പോഴും. കാന്റീനില്‍, ഇടനാഴികളില്‍, ബസ്‌സ്റ്റോപ്പില്‍, ലൈബ്രറിയില്‍. പിന്നെ ഒരു ദിവസം എന്നോട് അവന്‍ പറഞ്ഞു: പ്രിയ, എനിക്ക് നിന്നെ ഇഷ്ടമാണ്.
എന്റെ പേര് അവന്‍ വേറെ ആരോടോ ചോദിച്ച് മനസ്സിലാക്കിയതായിരിക്കണം. ഞാന്‍ ചിരിച്ചു.
‘പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ എന്താ കാരണം? ഇന്ന് നല്ല ചൂടുള്ള ദിവസമാണ്, അതുകൊണ്ടായിരിക്കും അല്ലേ?‘ എന്ന എന്റെ പരിഹാസ മറുപടി അവന്റെ ഭാവത്തിനു തെല്ലുപോലും മാറ്റം ഉണ്ടാക്കിയില്ല.
‘അതെ,ചൂടാണ്. തന്നെ കണ്ടപ്പോള്‍ മുതല്‍.‘
ഇങ്ങനെ പറഞ്ഞ് അവനും ചിരിച്ചു. പിന്നെ തിരിഞ്ഞു നടന്നു.
'പ്രത്യേകിച്ച് കാര്യം ഒന്നുമില്ലെങ്കില്‍ ഞാന്‍ പോകട്ടെ, എനിക്ക് തിരക്കുണ്ട്.'
'ഇല്ല പ്രിയാ, ഞാന്‍ വെറുതേ വന്നതാണ്, വെറുതേ ഒന്നു കാണാന്‍.'
വെറുതേ കാണാനോ.എന്റെ കൈയില്‍ ഒന്നുമില്ലല്ലോ നിനക്കിനി കാഴ്ചവയ്ക്കാന്‍. എല്ലാം നീ തന്നെയല്ലേ കവര്‍ന്നത്? എന്റെ സ്വപ്നങ്ങളും,നിശ്വാസങ്ങളും എല്ലാം ,എല്ലാം...
'മിസ്സിസ് ഇവിടെയുണ്ടോ,അതോ പുറത്താണോ'
ഇല്ല, അവന്റെ ഭാവം മാറുന്നില്ല. ഒരുവിധപ്പെട്ടവനൊക്കെ തകര്‍ന്നുപോകേണ്ടതാണ് ഈ ചോദ്യത്തില്‍.സ്വന്തം ഭാര്യ വേറൊരാളുടെ ഒപ്പം പോയ വാര്‍ത്ത അവന്‍ അവളുടെ വിദേശ ജോലിക്കഥയിലൂടെ സമര്‍ഥമായി മറച്ചു വച്ചു. എന്നിട്ടും അത് എങ്ങനെയോ പുറത്തറിഞ്ഞു. അത് കൊണ്ട് അവനെ തളര്‍ത്താന്‍ ഞാന്‍ മനപ്പൂര്‍വം തന്നെയാണു ആ ചോദ്യം ചോദിച്ചത്.
പ്രിയാ, നിനക്ക് ഒരു കുടുംബം പുലര്‍ത്താന്‍ പറ്റില്ല. നിനക്ക് വിശ്വസ്ത ആയിരിക്കാന്‍ പറ്റില്ല. ആകാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാന്‍വിളിച്ചപ്പോള്‍ തന്നെ നീ എന്റെ മുറിയിലേക്ക് ഓടി വരില്ലായിരുന്നു എന്നാണ് അവന്‍ അവസാനമായി എന്നോട് പറഞ്ഞത്. എന്നെ കൊത്തിവലിച്ച്, ചുടുചോര ഇറ്റിച്ച്, മാംസം ചിതറിച്ച് അണപ്പ് മാറുന്നതിനുമുന്‍പേ തന്നെ അവനിത് പറഞ്ഞപ്പോള്‍ എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. വെറുതേ അവന്റെ
മുഖത്തേക്ക് തന്നെ നോക്കി ഞാന്‍ കിടന്നു.
'നിഖില്‍,പോകൂ,എന്നെ കാണാന്‍ ഇനി വരരുത്. എന്റെ കൈയില്‍ നിനക്ക് തരാന്‍ ഇനി ഒന്നുമില്ല.‘
തിരിച്ച് ഞാന്‍ നടന്നു. വെറുതേ തിരിഞ്ഞ് നോക്കിയപ്പോഴും അവന്റെ മുഖത്തെ ആ ഭാവം മായുന്നില്ല.എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ലാ എന്ന ഭാവം.
ദൈവമേ, വീണ്ടും നീ..